മുംബൈയിൽ എയർടെലിന്റെ പറ പറക്കും 5ജി, സെക്കൻഡിൽ 1 ജിബിക്ക് മുകളിൽ ഡൗൺലോഡ് വേഗം
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യയിലെ 5ജി പരീക്ഷണങ്ങൾ തുടങ്ങി. ഭാരതി എയർടെൽ ഇതിനകം തന്നെ ഒന്നിലധികം നഗരങ്ങളിൽ 5ജി നെറ്റ്‌വർക്ക് പരീക്ഷണങ്ങൾ തുടങ്ങിയെന്നാണ് റിപ്പോർട്ട്. ഏറ്റവും അവസാനമായി മുംബൈയിലും 5ജി നെറ്റ്‌വർക്ക് പരീക്ഷണങ്ങൾ തുടങ്ങി. തിങ്കളാഴ്ച മുതലാണ് മുംബൈയിലെ ലോവർ പരേൽ പ്രദേശത്ത് എയർടെൽ 5ജി നെറ്റ്‌വർക്ക് ടെസ്റ്റിങ് തുടങ്ങിയത്. നോക്കിയയുടെ 5ജി ഗിയർ ഉപയോഗിച്ചാണ് നഗരത്തിലെ ഫീനിക്സ് മാളിൽ എയർടെലിന്റെ 5ജി നെറ്റ്‌വർക്ക് ട്രയൽ നടത്തിയത്.
നേരത്തെ ഗുരുഗ്രാമിലും എയർടെലിന്റെ 5ജി പരീക്ഷണങ്ങൾ തുടങ്ങിയിരുന്നു. റിലയൻസ് ജിയോയും വൈകാതെ തന്നെ കൂടുതൽ നഗരങ്ങളിൽ 5ജി പരീക്ഷണങ്ങൾ തുടങ്ങുമെന്നാണ് കരുതുന്നത്. 5ജി പരീക്ഷണങ്ങൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയതിനു ശേഷം രണ്ടു മാസത്തിനുള്ളിലാണ് എയർടെൽ ഒന്നിലധികം നഗരങ്ങളിൽ ടെസ്റ്റിങ് തുടങ്ങിയതെന്നതും ശ്രദ്ധേയമാണ്.
എയർടെൽ 5ജിയുടെ മുംബൈയിൽ നിന്നുള്ള സ്പീഡ് ടെസ്റ്റിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. എയർടെൽ 5ജി നെറ്റ്‌വർക്കിന്റെ ഡൗൺലോഡ് വേഗം സെക്കൻഡിൽ 1.2 ജിബി കൈവരിച്ചെന്നാണ് വിഡിയോയിൽ കാണിക്കുന്നത്. സെക്കൻഡിൽ 850 എംബിയോളം അപ്‌ലോഡ് വേഗം കൈവരിക്കാനും കഴിഞ്ഞു. ഗുരുഗ്രാമിലെ സൈബർ ഹബ് പ്രദേശത്ത് പരീക്ഷണം നടത്തിയപ്പോൾ ഡൗൺലോഡ് വേഗം 1 ജിബിപിഎസ് ആയിരുന്നു. 5ജി നെറ്റ്‌വർക്കിന് ശരാശരി 1 ജിബിപിഎസിൽ കൂടുതൽ വേഗം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ നിലവിലെ ശരാശരി മൊബൈല്‍ ഇന്റർനെറ്റ് ഡൗൺലോഡ് വേഗം 20 എംബിപിഎസിനു താഴെയാണ്.
വൈകാതെ തന്നെ എയർടെൽ കൊൽക്കത്തയിലും 5ജി ടെസ്റ്റിങ് തുടങ്ങുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എൻഎസ്‌എ (നോൺ-സ്റ്റാൻഡ് അലോൺ) നെറ്റ്‌വർക്ക് സാങ്കേതികവിദ്യയിലൂടെ 1800 മെഗാഹെർട്സ് ബാൻഡിൽ ഹൈദരാബാദ് നഗരത്തിലും 5ജി സേവനം ലഭ്യമാക്കിയ രാജ്യത്തെ ആദ്യ ടെലികോം കമ്പനിയാണ് എയർടെൽ.
ടെസ്റ്റിങ്ങിന്റെ ഭാഗമായി മുംബൈ, കൊൽക്കത്ത, ബെംഗളൂരു, ഡൽഹി എന്നിവയുൾപ്പെടുന്ന നാല് സർക്കിളുകളിലാണ് എയർടെലിന് 5ജി സ്പെക്ട്രം അനുവദിച്ചിരിക്കുന്നത്. 700 മെഗാഹെർട്‌സ്, 3500 മെഗാഹെർട്‌സ്, 28 ജിഗാഹെർട്‌സ് എന്നിവയിൽ 5ജി പരീക്ഷണങ്ങൾ നടത്താനാണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ടെലികോം കമ്പനികളായ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയ്ക്ക് അനുമതി നൽകിയിരിക്കുന്നത്.
5ജി നെറ്റ്‌വർക്ക് ഹാർഡ്‌വെയറിനായി ചൈനീസ് കമ്പനികളെ ഒഴിവാക്കിയ എയർടെലും വോഡഫോണും ഫിൻലാൻഡിന്റെ നോക്കിയയെയും സ്വീഡന്റെ എറിക്സണിനെയുമാണ് തിരഞ്ഞെടുത്തത്. അതേസമയം ബിഎസ്‌എൻഎൽ സ്റ്റേറ്റ്-സെന്റർ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സുമായി (സി-ഡോട്ട്) ചേർന്ന് പ്രവർത്തിക്കുന്നു. എന്നാൽ, റിലയൻസ് ജിയോ സാംസങ്, നോക്കിയ, എറിക്സൺ എന്നിവയുടെ സഹായത്തോടെയാണ് 5ജി നെറ്റ്‌വർക്ക് വിന്യസിക്കുന്നത്. കൂടാതെ 5ജി നെറ്റ്‌വർക്കിനായി ജിയോയുടെ തന്നെ തദ്ദേശീയ ഹാർഡ്‌വെയർ സാങ്കേതികവിദ്യയും ഉപയോഗിക്കുന്നുണ്ട്.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപകരണങ്ങൾ ഉപയോഗിച്ച് ജിയോ ജൂണിൽ തന്നെ മുംബൈയിൽ 5ജി പരീക്ഷണങ്ങൾ നടത്തിയിരുന്നു. നോക്കിയ, സാംസങ്, എറിക്സൺ എന്നിവരുമായി ചേർന്ന മറ്റ് നഗരങ്ങളിലും 5ജി പരീക്ഷണങ്ങൾ തുടങ്ങാൻ ജിയോ ചർച്ച നടത്തുന്നുണ്ട്. ഡൽഹി, ഹൈദരാബാദ്, ഗുജറാത്ത് എന്നിവിടങ്ങളിലെ 5ജി ട്രയലുകൾക്കാണ് ജിയോ അപേക്ഷിച്ചിരിക്കുന്നത്.
5ജി ട്രെയലുകൾ തുടങ്ങിയെങ്കിലും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) രാജ്യത്തെ 5ജി സ്പെക്ട്രത്തിന്റെ ലേലം ഇതുവരെ നടത്തിയിട്ടില്ല. 2021 അവസാത്തിലോ 2022 ന്റെ തുടക്കത്തിലോ 5ജി ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനാൽ തന്നെ നിലവിലെ 4 ജി രാജ്യത്ത് കുറഞ്ഞത് 5,6 വർഷങ്ങൾ കൂടി തുടരുമെന്നാണ് കരുതുന്നത്.
വിവരങ്ങൾക്ക് കടപ്പാട്: ഇ ടൈംസ്
English Summary: Airtel 5G trial network goes live in Mumbai, exceeds previous trial download speed of 1Gbps
Comments
Post a Comment