70000 അടിയിൽ അദൃശ്യനായി പറക്കും, രഹസ്യങ്ങൾ ചോർത്തും: പകരക്കാരനില്ലാത്ത ചാരവിമാനം
July 08, 2021 10:40 AM IST
Afsalpookkattuthodi
പ്രതിരോധ രംഗത്തെ വിമാനങ്ങള്‍ കാലത്തിനനുസരിച്ച് മാറ്റം വരുത്തുകയും പിന്‍വലിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാല്‍ 65 വര്‍ഷത്തിലേറെയായിട്ടും ഇപ്പോഴും സജീവമായി ദൗത്യങ്ങളില്‍ ഏര്‍പ്പെടുന്ന അത്യപൂര്‍വ ചാരവിമാനം അമേരിക്കയ്ക്കുണ്ട്. പറത്താന്‍ ഏറ്റവും ദുഷ്‌കരമായ വിമാനമെന്ന വിശേഷണമുള്ള ദ ഡ്രാഗണ്‍ ലേഡി എന്ന പേരിലറിയപ്പെടുന്ന ലോക്ഹീഡ് യു 2 ആണ് ആ ചാരവിമാനം. അരനൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും അമേരിക്കയ്ക്ക് യു 2വിന്റെ യഥാര്‍ഥ പിന്തുടര്‍ച്ചാവകാശിയെ കണ്ടെത്താനായിട്ടില്ല.
യു 2വിന്റെ 63 അടി വലുപ്പമുള്ള ചിറകുകളാണ് ഒറ്റ നോട്ടത്തില്‍ ആരുടേയും ശ്രദ്ധയിലെത്തുക. ഈ അസാധാരണ ചിറകുകളുടെ സഹായത്തിലാണ് 70,000 അടി(21 കി.മീ) ഉയരത്തില്‍ പോലും വായുവിലൂടെ തെന്നി നീങ്ങുന്നത്. രൂപത്തിന്റെ പ്രത്യേകതകള്‍കൊണ്ടുതന്നെ അത്രയെളുപ്പത്തില്‍ യു 2 വിനെ കണ്ടെത്താന്‍ സാധിക്കുകയുമില്ല. മണിക്കൂറുകള്‍ നീണ്ട ദൗത്യങ്ങള്‍ക്ക് ഈ വിമാനത്തെ സഹായിക്കുന്നത് ഈ രൂപസവിശേഷതകള്‍ കൂടിയാണ്.
lockheed-martin-u2
70,000 അടി ഉയരത്തിലൊക്കെ എത്തിയാല്‍ യു2വിന്റെ പൈലറ്റുമാര്‍ സാധാരണ പൈലറ്റുമാരെ പോലെയല്ല ബഹിരാകാശ സഞ്ചാരികളെ പോലെയായി മാറും. ഉയര്‍ന്ന സമ്മര്‍ദം അതിജീവിക്കാനായി പൂര്‍ണമായും മൂടിയ സ്യൂട്ടുകള്‍ ധരിക്കേണ്ടി വരും. പൂര്‍ണമായും കൃത്രിമ ഓക്‌സിജനായിരിക്കും പൈലറ്റുമാര്‍ ശ്വസിക്കുക. ഇത്തരം വെല്ലുവിളികള്‍ ആകാശത്തുണ്ടെങ്കിലും ഈ വിമാനം പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴുമുള്ളത്ര കുഴപ്പങ്ങള്‍ പൈലറ്റുമാര്‍ക്ക് ഉയരങ്ങളില്‍ ഉണ്ടാവാറില്ല.
കോക്പിറ്റില്‍ നിന്നുള്ള കാഴ്ച്ചകള്‍ പരിമിതമാണെന്നതാണ് പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും പൈലറ്റുമാര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. യു2 പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും പൈലറ്റുമാരെ സഹായിക്കുന്നതിന് ചെയ്‌സ് കാറുകളെ നിയോഗിക്കാറുണ്ട്. റണ്‍വേയില്‍ യു 2വിന് സമാന്തരമായി മണിക്കൂറില്‍ 220 കിലോമീറ്ററിലേറെ വേഗത്തില്‍ ചെയ്‌സ് കാറുകള്‍ ഓടിച്ച് പൈലറ്റിന് വേണ്ട വിവരങ്ങള്‍ കൈമാറുന്ന വിചിത്ര രീതി ഇന്നും തുടരുന്നു.
ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള വിമാനം പറത്തണമെന്ന് ആഗ്രഹിച്ചു നടക്കുന്ന പൈലറ്റുമാര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള പണിയാണ് യു 2വിന്റെ പൈലറ്റാവുകയെന്നത്. യു 2 പറത്താനുള്ള അനുമതിക്ക് വേണ്ടി അപേക്ഷിക്കുന്ന പൈലറ്റുമാരില്‍ 10-15 ശതമാനം മാത്രമാണ് തെരഞ്ഞെടുക്കപ്പെടാറുള്ളത്. വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും ഈ ചാരവിമാനം ചെയ്യുന്ന ജോലിക്ക് ഇപ്പോഴും പകരക്കാരില്ലെന്നതാണ് വസ്തുത.
അമേരിക്കന്‍ വ്യോമസേനക്ക് കീഴില്‍ 31 യു 2 വിമാനങ്ങള്‍ ഇപ്പോഴും സജീവമാണ്. ഏതാണ്ട് 50 ദശലക്ഷം ഡോളറിന്റെ ആധുനികവല്‍ക്കരണമാണ് ഈ ചാരവിമാനങ്ങളില്‍ അമേരിക്കന്‍ വ്യോമസേന പദ്ധതിയിടുന്നത്. ഇതോടെ അടുത്ത മൂന്ന് പതിറ്റാണ്ട് കൂടി യു 2 വിമാനങ്ങള്‍ അമേരിക്കയ്ക്കുവേണ്ടി പറക്കുമെന്ന് ഉറപ്പിക്കാം.
ശീതയുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ സോവിയറ്റ് രഹസ്യങ്ങള്‍ കണ്ടെത്തുന്നതിനാണ് ഐസനോവറിന്റെ കാലത്ത് യു 2 നിർമിക്കുന്നത്. 1955 ഓഗസ്റ്റ് ഒന്നിനാണ് യു 2 ഈ ചാരവിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ നടക്കുന്നത്. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ യു 2വിന് മറ്റു രാജ്യങ്ങളുടെ നിരീക്ഷണ സംവിധാനങ്ങളെ പരാജയപ്പെടുത്താനാവില്ലെന്നതാണ് പ്രധാന വെല്ലുവിളി. ദക്ഷിണ ചൈനാ ഉള്‍ക്കടലില്‍ തങ്ങള്‍ സൈനിക പരീക്ഷണം നടത്തുന്നതിനിടെ യു 2 ആകാശത്തുകൂടി നിരീക്ഷണ പറക്കല്‍ നടത്തിയെന്ന് ചൈനീസ് സൈന്യം കണ്ടെത്തിയിരുന്നു.
അധികം വൈകാതെ ചെറു സാറ്റലൈറ്റുകള്‍ യു 2വിന് പകരം നിരീക്ഷണ ദൗത്യം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പത്തു മുതല്‍ നൂറ് കിലോഗ്രാം വരെ മാത്രം ഭാരമുള്ളവയായിരിക്കും ഈ ചെറു സാറ്റലൈറ്റുകള്‍. ബോയിംങ് എക്‌സ് 37 പോലുള്ള ബഹിരാകാശ വിമാനങ്ങള്‍ക്ക് ഇത്തരം സാറ്റലൈറ്റുകളെ ലക്ഷ്യ സ്ഥാനത്തേക്ക് എളുപ്പത്തിലെത്തിക്കാനും സാധിക്കും. എങ്കില്‍ പോലും ആറര പതിറ്റാണ്ടോളമായി സേവനം തുടരുന്ന യു 2 കുറച്ചു പതിറ്റാണ്ടുകളെങ്കിലും ജോലി തുടരുകയും ചെയ്യും.
Source: Afsalpookkattuthodi
English Summary: The Veteran Spy Plane Too Valuable to Replace
Comments
Post a Comment