മധ്യേഷ്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദോഹ
ദോഹ: കോവിഡ് കാലത്ത് ജി.സി.സിയിലെയും മറ്റും വിമാനത്താവളങ്ങൾ അടഞ്ഞും തിരക്കൊഴിഞ്ഞും കിടന്നപ്പോൾ യാത്രക്കാരെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്ത ഖത്തറിന് മറ്റൊരംഗീകാരം കൂടി. കോവിഡ് വ്യാപനത്തിനിടയിലും കാര്യക്ഷമമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയും ആരോഗ്യ രക്ഷ മാർഗങ്ങൾ മെച്ചപ്പെടുത്തിയും യാത്രക്ക് അവസരമൊരുക്കിയ ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളം മധ്യേഷ്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി. ട്രാവൽ അനലിറ്റിക്സ് സ്ഥാപനമായ ഫോർവേഡ് കീസിൻെറ റിപ്പോർട്ടിലാണ് ഹമദിനെ മേഖലയിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളമായി തെരഞ്ഞെടുത്തത്.
കോവിഡ് സുരക്ഷ സംവിധാനങ്ങൾ പാലിച്ചും, ഏറ്റവും നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയും യാത്ര എളുപ്പമാക്കിയതുകൂടി പരിഗണിച്ചാണ് ദോഹ ഏറ്റവും തിരക്കേറിയ വ്യോമ താവളമായി മാറിയത്. ദുബൈയുടെ പേരിലുണ്ടായിരുന്ന റെക്കോഡ് മറികടന്നാണ് ഹമദ് വിമാനത്താവളം തിരക്കേറിയ കേന്ദ്രമായി മാറിയത്. 2021 ജനുവരി ഒന്നു മുതൽ ജൂൺ 30 വരെയുള്ള കണക്കുപ്രകാരം, ദുബൈയെക്കാൾ യാത്രക്കാരുടെ എണ്ണം 18 ശതമാനം ദോഹ വഴി വർധിച്ചു. നിലവിലെ ബുക്കിങ് റേറ്റ് പ്രകാരം അടുത്ത ആറു മാസത്തേക്കും ദോഹ ഏറെ മുന്നിലാണ്. ദുൈബയെക്കാൾ 17 ശതമാനത്തിലേറെ കൂടുതലാണിത്.
കോവിഡ് മഹാമാരിക്കാലത്ത് മറ്റു വിമാനത്താവളങ്ങളെല്ലാം ഭാഗികമായോ പൂർണമായോ അടഞ്ഞു കിടന്നേപ്പാൾ ദോഹ രാജ്യാന്തര യാത്രകൾക്ക് അവസരമൊരുക്കിയതും ബഹ്റൈൻ, ഈജിപ്ത്, സൗദി, യു.എ.ഇ എന്നിവ മൂന്നര വർഷത്തെ ഉപരോധം അവസാനിപ്പിച്ച്, നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതും ദോഹക്ക് നേട്ടമായെന്ന് 'ഫോർവേഡ് കീസിൻെറ' പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Comments
Post a Comment