ഇനിയും വൈകരുത്, നൂറ് കോടി ക്ലബ്ബും ആഡംബരകാറും മാത്രമല്ല സിനിമ: സന്ദീപ് സേനന്‍
സീരിയലുകള്‍ക്ക് ഉള്‍പ്പെടെ അനുമതി നല്‍കിയിട്ടും സിനിമാ ചിത്രീകരണത്തിന് കൊവിഡ് നിയന്ത്രണങ്ങളോടെ അനുമതി നല്‍കാത്തതില്‍ ചലച്ചിത്രമേഖലയില്‍ പ്രതിഷേധം പുകയുന്നു. മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡി ഉള്‍പ്പെടെ ഏഴ് സിനിമകള്‍ ഹൈദരാബാദിലും തമിഴ്‌നാട്ടിലുമായി ചിത്രീകരണം തുടങ്ങാന്‍ തീരുമാനിക്കുന്നത് ചലച്ചിത്ര മേഖലയിലെ തൊഴിലാളികള്‍ക്കുള്‍പ്പെടെ തിരിച്ചടിയാണ്. ഒന്നരവര്‍ഷത്തോളമായി കൊടുംദുരിതത്തില്‍ കഴിയുന്ന സിനിമാ മേഖലയെ സര്‍ക്കാര്‍ ഇനിയും പരീക്ഷിക്കരുതെന്ന് സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ എക്‌സിക്യുട്ടീവ് അംഗവും നിര്‍മ്മാതാവുമായ സന്ദീപ് സേനന്‍.
നൂറ് കോടി ക്ലബ്ബോ, ആഡംബര കാറുകളോ അല്ല സിനിമ അവിടെ പോസ്റ്ററൊട്ടിക്കുന്നവരും ഫിലിം റപ്രസന്റേറ്റീവുമാരും ലൊക്കേഷനില്‍ ഭക്ഷണമൊരുക്കുന്നവരും യൂണിറ്റ് അംഗങ്ങളുടെയും ഉള്‍പ്പെടെ നിരവധി ദിവസവേതനക്കാര്‍ കൂടിയുണ്ട്. അവരില്‍ എത്രയോ പേര്‍ ഒന്നരക്കൊല്ലമായി തൊഴില്‍ ഇല്ലാതിരിക്കുകയാണ്. മലയാള സിനിമ വീണ്ടും ഷൂട്ടിംഗിനായി മറ്റ് സംസ്ഥാനത്തേക്ക് പറിച്ചുനടുമ്പോള്‍ സിനിമ മാത്രം ഉപജീവനമാക്കി എത്രയോ പേര്‍ക്ക് തൊഴില്‍ ഇല്ലാതാകുമെന്നും സന്ദീപ് സേനന്‍
ഒന്നരക്കൊല്ലമായി സിനിമ നിര്‍മ്മാണം നിശ്ചലമായിട്ട്. അതിനിടെ 2021 തുടക്കത്തില്‍ മൂന്ന് മാസത്തോളമാണ് പ്രദര്‍ശനത്തിനു കിട്ടിയത്. ആഡംബര കാറുകളും നൂറ് കോടി ക്ലബ്ബുകളുടെ ആഘോഷവും മാത്രമല്ല സിനിമ. വലിയൊരു വിഭാഗം ജനതയുടെ ഉപജീവനമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തിയേ തീരൂ. ചലച്ചിത്ര മേഖലയുടെ അതിജീവനത്തിന്റെ കൂടി പ്രശ്‌നമാണ്. കൊവിഡ് നിയന്ത്രണങ്ങളോടെ സിനിമാ നിര്‍മ്മാണം തുടങ്ങാന്‍ അനുമതി വേണമെന്ന് ചലച്ചിത്ര സംഘടനകള്‍ സര്‍ക്കാരിനോട് നിരന്തരം അഭ്യര്‍ത്ഥിച്ചിട്ടുള്ളതാണ്. സംഘടനകളുടെ ആവശ്യം സര്‍ക്കാര്‍ മുഖവിലക്കെടുക്കണം.
Comments
Post a Comment