വ്യാപാര യുദ്ധ’ത്തിൽ വിജയിച്ചത് ചൈന? സെമികണ്ടക്ടര്‍ ഉത്പാദനത്തില്‍ റെക്കോഡ് നേട്ടം


അമേരിക്കയുമായുള്ള വ്യാപാര യുദ്ധവും കോവിഡ് പ്രതിസന്ധികളും തുടരുമ്പോഴും സെമികണ്ടക്ടര്‍ ഉത്പാദനത്തില്‍ ചൈനക്ക് സര്‍വ്വകാല റെക്കോഡ്. ഇക്കഴിഞ്ഞ ജൂണില്‍ മാത്രം 3080 കോടി ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകളാണ് ചൈന നിര്‍മിച്ചത്. അപ്പോഴും 5,190 കോടി സെമികണ്ടക്ടറുകള്‍ ഇതേ ജൂണില്‍ തന്നെ ചൈനക്ക് ഇറക്കുമതി ചെയ്യേണ്ടി വന്നുവെന്നതും ശ്രദ്ധേയമാണ്. 
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജൂണിൽ മാത്രം 43.9 ശതമാനത്തിന്റെ വളര്‍ച്ചയാണ് ചൈനീസ് ഐസി ഉത്പാദനം രേഖപ്പെടുത്തിയിരിക്കുന്നത്. മേയ് മാസത്തിലെ 2990 കോടി എന്ന റെക്കോഡാണ് ചൈന ജൂണില്‍ 3080 കോടിയാക്കി തിരുത്തിയത്. ജൂണില്‍ പ്രതിദിനം 100 കോടി സെമികണ്ടക്ടറുകള്‍ നിര്‍മിച്ചുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

2021ന്റെ ആദ്യ പകുതിയില്‍ 17,120 കോടി ഐസികളാണ് ചൈനയില്‍ നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 48.1 ശതമാനം കൂടുതലാണ്. ഐസികളുടെ നിര്‍മാണത്തില്‍ സര്‍വ്വകാല റെക്കോഡിലാണെങ്കിലും ചൈനീസ് കമ്പനികള്‍ക്ക് ആവശ്യമായ ഐസികള്‍ പോലും നിര്‍മിക്കാന്‍ സാധിച്ചിട്ടില്ല. അത്രയേറെ വലുതാണ് ചൈനയിലെ സെമികണ്ടക്ടറുകള്‍ക്കായുള്ള ആവശ്യകത. ഈ വര്‍ഷം ആദ്യ ആറു മാസം മാത്രം 31,000 കോടി സെമികണ്ടക്ടറുകളാണ് ചൈന ഇറക്കുമതി ചെയ്തത്. ജൂണില്‍ മാത്രം 5,190 കോടി സെമികണ്ടക്ടറുകളും ചൈന ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇത് പ്രാദേശിക ഉത്പാദനത്തിന്റെ ഇരട്ടി വരും. 

ചൈനയിലെ കാര്‍ വിപണി മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ജൂണില്‍ 13.1 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. അതേസമയം, വൈദ്യുതി കാര്‍ വിപണിയിലേക്ക് വലിയ തോതില്‍ വാഹന നിര്‍മാണ കമ്പനികള്‍ നിക്ഷേപം നടത്തുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം മാത്രം ചൈനയിലെ വൈദ്യുതി കാര്‍ ഉത്പാദനം 135.3 ശതമാനം വര്‍ധിച്ച് പ്രതിമാസം 27,300 യൂണിറ്റുകള്‍ എന്ന നിലയിലേക്കെത്തിയിരുന്നു. 

അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സെമികണ്ടക്ടര്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാനുള്ള എല്ലാ ശ്രമങ്ങളും ചൈന നടത്തുന്നുണ്ട്. എങ്കിലും ഇപ്പോഴും പ്രാദേശിക ഉത്പാദനത്തിന്റെ ഇരട്ടിയോളം ചൈനക്ക് ഇറക്കുമതി ചെയ്യേണ്ട അവസ്ഥയാണുള്ളത്. ഈ വര്‍ഷം ആദ്യ അഞ്ച് മാസത്തില്‍ മാത്രം ചൈനയില്‍ 15700 ചിപ്പ് നിര്‍മാണവുമായി ബന്ധപ്പെട്ട കമ്പനികള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയാണിത്. ചൈനീസ് സര്‍ക്കാര്‍ ഈ ചിപ്പ് നിര്‍മാണ കമ്പനികള്‍ക്ക് വേണ്ട എല്ലാ പ്രോത്സാഹനങ്ങളും നല്‍കുന്നുമുണ്ട്.

English Summary: China’s semiconductor output hits record high

Comments

Popular posts from this blog

രാജ്യത്ത് കോവിഡ് പ്രതിരോധശേഷി കൈവരിച്ചവർ ഏറ്റവും കുറവ് കേരളത്തിൽ : ഐ സി എം ആർ സെറോ സർവേ റിപ്പോർട്ട് പുറത്ത്

Upcoming three-row SUVs, MPVs in India: 2021 and beyond

ബഹിരാകാശത്തേക്ക്​ പോകണമെന്ന്​ ബെസോസ്​, സദസ്സിൽ കൂട്ടച്ചിരി; 20 വർഷം മുമ്പുള്ള അഭിമുഖ വിഡിയോ വൈറലാകുന്നു