ബ്രോ ഡാഡി' കേരളത്തിലേക്ക് തിരിച്ചെത്തുന്നു
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി കേരളത്തിൽചിത്രീകരിക്കും.നിബന്ധനകളോടെ കേരളത്തിൽചിത്രീകരണം തുടങ്ങാൻ സർക്കാർ അനുമതി നൽകിയതിനെത്തുടർന്നാണിത്. സിനിമയുടെ ചിത്രീകരണം നിലവിൽഹൈദരാബാദിൽ പുരോഗമിക്കുകയാണ്. കോവിഡ് സാഹചര്യത്തിൽ കേരളത്തിൽ സിനിമാ ചിത്രീകരണത്തിന് അനുമതിയുണ്ടായിരുന്നില്ല. തുടർന്നാണ് ഹൈദരാബാദിൽ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സിനിമ ചിത്രീകരിക്കാൻ അനുമതി നൽകണമെന്ന് ഫെഫ്കയടക്കമുള്ള സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സീരിയൽ ഷൂട്ടിങ്ങിന് അനുമതി നൽകിയിട്ടും സിനിമാ ചിത്രീകരണത്തിന് അനുവാദം നൽകാത്തതിൽ കടുത്ത പ്രതിഷേധം ഉണ്ടായിരുന്നു. തുടർന്നാണ് നിബന്ധനകളോടെ ചിത്രീകരണം തുടങ്ങാൻ സർക്കാർ അനുമതി നൽകിയത്. കേരളത്തിൽ ചിത്രീകരിക്കാൻ അനുവാദം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ബ്രോ ഡാഡിയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഹൈദരാബാദിൽ കുറച്ച് ദിവസത്തെ ഷെഡ്യൂൾ കൂടി ബാക്കിയുണ്ട്. അത് പൂർത്തിയാക്കിയാൽ ഉടനെ തന്നെ കേരളത്തിലേക്ക് വരും. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ഇവിടെ ചിത്രീകരിക്കാൻ സാധിക്കാത്തതിനാൽ മുടങ്ങിക്കിടക്കുകയായിരുന്നു. അതും ഉടനെ പുനരാരംഭിക്കും. സർക്കാർ പറയുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. അതിൽ യാതൊരു വിട്ടുവീഴ്ചമുണ്ടാകില്ല. ഇവിടെ ചിത്രീകരിക്കുന്നതിലൂടെ നിർമാണച്ചിലവ് കുറക്കാനാകും. മാത്രവുമല്ല നമ്മുടെ സിനിമാപ്രവർത്തകർക്ക് തൊഴിലും ലഭിക്കും- ആന്റണി പെരുമ്പാവൂർ പറഞ്ഞു. Content Highlights:Bro Daddy malayalam movie to comeback kerala after shooting in Hyderabad, Mohanlal-Prithviraj Sukumaran, Antony Perumbavoor, Kalyani Priyadarshan
Comments
Post a Comment